തിരുവനന്തപുരം: ജില്ലാ ക്രൈംബ്രാഞ്ചിന്റെ പേരു മാറ്റം സജീവ പരിഗണനയിൽ. ജില്ലാ പൊലിസ് മേധാവിമാരുടെ കീഴിൽ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീം എന്ന പേരിലേക്ക് മാറ്റാനാണ് ആലോചന. ജില്ലകളിൽ തെളിയാത്ത കേസുകളുടെ അന്വേഷണമായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇത് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറാനാണ് ആലോചന.
സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല എസ്ഐമാർക്ക് തിരിച്ചു നൽകിയതോടെ ഇൻസ്പെക്ടർ തസ്തികയിൽ ഒഴിവുള്ളവരെ ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് മാറ്റി നിയമിക്കാനാണ് ആലോചന. ജില്ലകളിൽ ക്രമസമാധാനപാലനവും വിശദമായി വേണ്ടി വരുന്ന അന്വേഷണവും ഇതുവഴി വേർതിരിക്കാനാകും.
ജില്ലാ പൊലിസ് മേധാവിമാരുടെ മേൽനോട്ടത്തിലാകും ഇവർ പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇതുസംബന്ധിച്ചു ചർച്ചകൾ നടന്നു. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.